ഗാംഗുലി ബി.ജെപിയില്‍ ചേരാത്തതിനാല്‍ വീണ്ടും ബി.സി.സി.ഐ പ്രസിഡന്റാകില്ലെന്ന് തൃണമൂല്‍

ന്യൂഡൽഹി: സൗരവ് ഗാംഗുലിയെ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ്. ഗാംഗുലി ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്ന് ടിഎംസി നേതാവ് ശന്തനു സെൻ ആരോപിച്ചു. ബിജെപിയിൽ ചേരാൻ ഗാംഗുലിക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു. ഈ സമ്മർദ്ദത്തിന് വഴങ്ങാത്തതാണ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കാൻ കാരണമെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അധ്യക്ഷനെന്ന നിലയിൽ ഗാംഗുലിയുടെ മോശം പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തലിനെതിരെ തൃണമൂൽ കോണ്‍ഗ്രസും രംഗത്തെത്തി. അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുമ്പോഴാണ് ഗാംഗുലിയെ ഒഴിവാക്കിയതെന്ന് ശന്തനു സെൻ ആരോപിച്ചു.

ബിസിസിഐയുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി ഈ മാസം 18ന് അവസാനിക്കും. സൗരവ് ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്‍റായി രണ്ടാമതൊരു അവസരം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സെക്രട്ടറി ജയ് ഷായും സംഘവും അത് നൽകാനാവില്ലെന്ന നിലപാടിലായിരുന്നു.

കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഒരു പ്രമുഖ കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്. ഗാംഗുലിക്ക് ഐപിഎൽ ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും തരംതാഴ്ത്തപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഗാംഗുലി പിൻമാറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.