ദക്ഷിണാഫ്രിക്കൻ അഴിമതിക്കേസിൽ ഗുപ്ത സഹോദരങ്ങൾ പിടിയിൽ

ദുബായ്: ദക്ഷിണാഫ്രിക്കയിലെ അഴിമതിക്കേസിൽ ഇന്ത്യൻ വംശജരായ ഗുപ്‌ത സഹോദരന്മാർ യുഎഇയിൽ അറസ്റ്റിലായി. മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയുടെ അധികാരത്തിന് കീഴിൽ അഴിമതി നടത്തിയതിനാണ് സഹോദരൻമാരായ രാജേഷ് ഗുപ്ത, അതുൽ ഗുപ്ത എന്നിവരെ അറസ്റ്റ് ചെയ്തത്.

2021 ഏപ്രിലിലാണ് ഇവരെ വിട്ടുകിട്ടാനുള്ള നടപടികൾ ആരംഭിച്ചത്. 2009 മുതൽ 2018 വരെ ദക്ഷിണാഫ്രിക്ക ഭരിച്ച സുമയുമായുള്ള ബന്ധം ഉപയോഗിച്ച് കരാർ നേടാൻ ശ്രമിച്ചുവെന്നാണ് ആരോപണം. രാജ്യത്തിന്റെ ഔദ്യോഗിക ആസ്തികൾ ക്രമരഹിതമായി കൈകാര്യം ചെയ്യുന്നതിൽ ഇടപെടുക, മന്ത്രിസഭാ നിയമനങ്ങളെ സ്വാധീനിക്കുക, സർക്കാർ ഫണ്ട് വകമാറ്റുക തുടങ്ങിയ കുറ്റങ്ങളാണ് ഗുപ്ത സഹോദരൻമാർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജേക്കബ് സുമയും ഗുപ്ത സഹോദരൻമാരും ആരോപണങ്ങൾ നിഷേധിച്ചു. അഴിമതിക്കേസിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതിന് ശേഷം 2018 ൽ സഹോദരങ്ങൾ ദക്ഷിണാഫ്രിക്ക വിട്ടു. ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഇവർ അന്വേഷണം നേരിടുന്നുണ്ട്. ആദായനികുതി ഉദ്യോഗസ്ഥർ ഡൽഹിയിലെ കമ്പനിയുടെ ആസ്ഥാനത്തും വിവിധ നഗരങ്ങളിലെ വസ്തുവകകളിലും പരിശോധന നടത്തിയിരുന്നു.