ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കൻ താരം

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്. റിലീ റോസോവിന്റെ തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ടീമിനെ കൂറ്റൻ സ്കോർ നേടാൻ സഹായിച്ചത്.

മൂന്നാം നമ്പറിലെത്തിയ റോസോവ് ഉജ്ജ്വല ബാറ്റിംഗ് ആണ് നടത്തിയത്. 56 പന്തിൽ 109 റൺസാണ് റോസോവ് നേടിയത്. ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ച്വറിയാണിത്. വെറും 52 പന്തുകൾ നേരിട്ടാണ് റോസോവ് 100 റൺസ് തികച്ചത്. റോസോവിന്‍റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. ടി20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായും അദ്ദേഹം മാറി.

ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോർഡ് ക്രിസ് ഗെയ്ലിന്‍റെ പേരിലാണ്. 2016ൽ 47 പന്തിൽ 100 റൺസും 2007ൽ 50 പന്തിൽ നിന്ന് 100 റൺസും നേടിയ ഗെയ്ലിന്‍റെ പേരിലാണ് ഏറ്റവും വേഗമേറിയ രണ്ട് സെഞ്ച്വറികൾ. 51 പന്തിൽ സെഞ്ച്വറി നേടിയ ബ്രണ്ടൻ മക്കല്ലമാണ് പട്ടികയിൽ മൂന്നാമത്.