ശബരിമലയിൽ മുതിര്‍ന്നവര്‍ക്കും കുട്ടികൾക്കും ഇനി മുതൽ പ്രത്യേക ക്യൂ
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തുന്ന പ്രായമായവർക്കും കുട്ടികൾക്കും ഇന്ന് മുതൽ പ്രത്യേക ക്യൂ. നടപ്പന്തൽ മുതലാണ് പുതിയ ക്യൂ നടപ്പാക്കുന്നത്. ദർശനത്തിനെത്തുന്ന കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.
അതേസമയം, ഞായറാഴ്ച അവധിയായിരുന്നിട്ടും ശബരിമല സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടില്ല. 76,103 പേർ വെർച്വൽ ക്യൂ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരുന്നെങ്കിലും തിരക്കില്ലാത്തതിനാൽ രാവിലെ 8 മണിക്ക് ശേഷം നടപ്പന്തൽ മുതലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു. തിരക്കേറിയ സമയങ്ങളിൽ കുട്ടികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവരെ പതിനെട്ടാം പടിയിലേക്ക് കടത്തിവിടുന്നതടക്കം ക്രമീകരണങ്ങൾ സന്നിധാനത്ത് പൊലീസ് തുടരുകയാണ്.
വെർച്വൽ ക്യൂ വഴിയും അല്ലാതെയും 80,191 പേരാണ് ഇന്നലെ ദർശനം കഴിഞ്ഞ് മടങ്ങിയത്. ക്രിസ്മസ് അവധി ഉൾപ്പെടെ വരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും തിരക്ക് കൂടുമെന്നാണ് കണക്കുകൂട്ടൽ.