സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു; വി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. ഇപ്പോൾ പ്രചരിക്കുന്ന രേഖയ്ക്ക് വിദ്യാഭ്യാസ വകുപ്പുമായി യാതൊരു ബന്ധവുമില്ല. തിരുവനന്തപുരത്ത് കെ.എസ്.ടി.എ ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ‘ആരോഗ്യകരമായ ബന്ധങ്ങൾ’ എന്ന 71 പേജുള്ള രേഖയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പുമായി യാതൊരു ബന്ധവുമില്ല. പാഠ്യപദ്ധതി പരിഷ്കരിക്കാൻ കോർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ പൊസിഷൻ പേപ്പറുകൾ രൂപീകരിക്കുന്നതിനായി മൊത്തം 26 ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ചു.
26 വിഷയങ്ങളിൽ വിശദമായ ജനകീയ ചർച്ചകൾ നടക്കും. ഇതിനായി 116 പേജുള്ള കരട് രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോർ കമ്മിറ്റി അംഗങ്ങളുടെയും 26 ഫോക്കസ് ഗ്രൂപ്പുകളുടെയും അഭിപ്രായം തേടിയ ശേഷം 2022 സെപ്റ്റംബർ രണ്ടിന് ചേരുന്ന കോർ കമ്മിറ്റി യോഗത്തിൽ കരട് ജനകീയ ചർച്ചാ രേഖ അവതരിപ്പിക്കും. അതിനുശേഷം, ജനകീയ ചർച്ചകളിൽ അഭിപ്രായ രൂപീകരണം നടത്തും.