ഇന്ത്യൻ വിപണിയിൽ ബില്യൺ ഡോളർ ബ്രാൻഡായി ഉയർന്ന് സ്പ്രൈറ്റ്

മുംബൈ: നാരങ്ങയുടെ രുചിയുള്ള ശീതളപാനീയമായ സ്പ്രൈറ്റ് ഇന്ത്യൻ വിപണിയിൽ ബില്യൺ ഡോളർ ബ്രാൻഡായി ഉയർന്നെന്ന് മാതൃ കമ്പനിയായ കൊക്കകോള. 2022 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിലെ കണക്കുകളാണ് കൊക്കകോള പുറത്തുവിട്ടത്. സ്പ്രൈറ്റും, ഫ്രൂട്ട് ഡ്രിങ്ക് ബ്രാൻഡായ മാസയും കൊക്കകോളയുടെ അറ്റാദായം വർദ്ധിപ്പിക്കാൻ സഹായിച്ചു.

ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ വളർച്ച ദ്രുതഗതിയിലായിരുന്നെന്നും വിപണി സാധ്യതകളെ അടിസ്ഥാനമാക്കി ഉൽപാദനവും വിതരണവും ഫലപ്രദമായി നടത്തിയതിനാൽ ശക്തമായ വളർച്ച കൈവരിക്കാൻ കമ്പനിക്ക് കഴിഞ്ഞുവെന്നും കൊക്കകോള ചെയർമാനും സിഇഒയുമായ ജെയിംസ് ക്വിൻസി പറഞ്ഞു. തിരികെ നൽകേണ്ട ഗ്ലാസ് ബോട്ടിലുകളുടെയും, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളുടേയും വിൽപ്പന വർദ്ധിച്ചു. ഇന്ത്യയിൽ 2.5 ബില്യൺ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

ആഗോളതലത്തിൽ കൊക്കകോളയുടെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ.
ശീതളപാനീയ ബ്രാൻഡായ തംസ് അപ് ഒരു ബില്യൺ ഡോളർ ബ്രാൻഡായി മാറിയെന്ന് ഈ വർഷം ജനുവരിയിൽ കൊക്കകോള പറഞ്ഞിരുന്നു. മൂന്നാം പാദത്തിൽ കമ്പനിയുടെ യൂണിറ്റ് കേസ് വോളിയം 4 ശതമാനം വർദ്ധിച്ചിട്ടുണ്ട്. കൊക്കകോളയുടെ അറ്റാദായം 10 ശതമാനം വർദ്ധിച്ച് 11.1 ബില്യൺ ഡോളറായതായും ഓർഗാനിക് വരുമാനം 16 ശതമാനം വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.