ഗവര്‍ണര്‍ക്കെതിരായ നിയമോപദേശം ലഭിക്കാൻ സര്‍ക്കാര്‍ ചെലവഴിക്കുന്നത് 46.9 ലക്ഷം രൂപ

തിരുവനന്തപുരം: ഗവർണർ തടഞ്ഞുവച്ച ബില്ലുകൾ ഉൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളിൽ നിയമോപദേശം തേടാൻ 46.90 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിച്ചത്. ലക്ഷക്കണക്കിന് രൂപയാണ് സർക്കാർ നിയമവകുപ്പിനായി ചെലവഴിക്കുന്നത്.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ 11 ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഇതിൽ ലോകായുക്തയും സർവകലാശാലാ (ഭേദഗതി) ബില്ലും ഉൾപ്പെടെ നാല് ബില്ലുകളും കഴിഞ്ഞ വർഷം നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളും ഗവർണർ അംഗീകരിച്ചിട്ടില്ല.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ നിയമനടപടികൾ സംബന്ധിച്ച് നിയമോപദേശം നൽകിയതിന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന് മാത്രം 30 ലക്ഷം രൂപ നൽകി. അഡ്വ.സുഭാഷ് ശർമ്മയ്ക്ക് 9.90 ലക്ഷം രൂപ നൽകി. സഫീർ അഹമ്മദിന് മൂന്ന് ലക്ഷം രൂപയും ക്ലാർക്ക് വിനോദ് കെ ആനന്ദിന് മൂന്ന് ലക്ഷം രൂപയുമാണ് പ്രതിഫലം. അഡ്വ.ജനറലിന്‍റെ നിർദേശ പ്രകാരമാണ് തുക അനുവദിച്ചത്. സ്വർണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജിയിൽ കേരളത്തിന് വേണ്ടി ഹാജരാകാൻ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് സർക്കാർ 15.50 ലക്ഷം രൂപ അനുവദിച്ചു.