പൊന്നിയിന്‍ സെൽവൻ കേരള വിതരണവകാശം  ശ്രീ ​ഗോകുലം മൂവീസ് സ്വന്തമാക്കി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് മൾട്ടി സ്റ്റാർ ചിത്രമായ പൊന്നിയിൻ സെൽവന്‍റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് ലഭിച്ചു. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുഭാസ്കരൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് മണിരത്നമാണ്. രണ്ട് ഭാഗങ്ങളായി മെഗാ ബഡ്ജറ്റിൽ ചിത്രീകരിച്ച ചിത്രം സെപ്റ്റംബർ 30 ന് റിലീസ് ചെയ്യും. 500 കോടിയോളം രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിൽ വിക്രം, ഐശ്വര്യ റായി, കാർത്തി, ജയം രവി, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, തൃഷ, വിക്രം പ്രഭു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എആർ റഹ്മാൻ സം​ഗീതം നൽകിയ ​ഗാനങ്ങളെല്ലാം ഇതിനകം തന്നെ പാൻ ഇന്ത്യൻ ഹിറ്റായിട്ടുണ്ട്.

പൊന്നിയിൻ സെൽവൻ പോലൊരു സിനിമ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലൻ പറഞ്ഞു. കേരളത്തിലെ 250 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലൈഗർ, കോബ്ര, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ പാൻ ഇന്ത്യൻ ചിത്രങ്ങൾക്ക് ശേഷം പൊന്നിയിൻ സെൽവനെ കേരളത്തിലേക്ക് എത്തിക്കുകയാണ് ഗോകുലം മൂവീസ്.

പ്രശസ്ത തമിഴ് എഴുത്തുകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മണിരത്നത്തിന്‍റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസും ചിത്രത്തിൽ പ്രൊഡക്ഷൻ പാർട്ണർ ആണ്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന രാജരാജ ചോളൻ എന്ന പൊന്നിയിൻ സെൽവന്‍റെ കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 2019 ലാണ് ചിത്രീകരണം ആരംഭിച്ചത്.