ശ്രീനിവാസൻ കൊലക്കേസ്; പിഎഫ്ഐ നേതാവ് യഹിയ തങ്ങൾ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് മുൻ ആർഎസ്എസ് നേതാവ് എ ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന കൗൺസിൽ അംഗം യഹിയ തങ്ങൾ അറസ്റ്റിൽ. കേസിലെ 45-ാം പ്രതിയാണ് യഹിയ തങ്ങൾ. യു.എ.പി.എ കേസിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന യഹിയ തങ്ങളെ കോടതിയിൽ അപേക്ഷ നൽകിയ ശേഷമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ഈ വർഷം ഏപ്രിലിലാണ് ആർഎസ്എസ് പ്രവർത്തകൻ എ ശ്രീനിവാസൻ (45) കൊല്ലപ്പെട്ടത്. എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് എ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ പ്രതികാരമായി അടുത്ത ദിവസമാണ് മേലമുറിയിലെ കടയ്ക്കുള്ളിൽ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.
യു.എ.പി.എ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ റൗഫും ശ്രീനിവാസൻ കേസിലെ പ്രതിയാണ്. ഇയാൾ കേസിലെ 41-ാം പ്രതിയാണ്. കൊലപാതകത്തിലെ മുഖ്യ ആസൂത്രകരിൽ ഒരാളാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.