നരഹത്യാക്കുറ്റം നിലനിൽക്കും : ശ്രീറാം വെങ്കിട്ടരാമന്റെ അപ്പീൽ തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. വിചാരണ നടക്കേണ്ട കേസാണ് ഇതെന്നും തെളിവുകള്‍ നിലനില്‍ക്കുമോയെന്ന് വിചാരണയില്‍ തീരുമാനിക്കട്ടെയെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് പ്രതി ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്.നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നാണ് ശ്രീറാം വാദിച്ചത്. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ല. സാധാരണ മോട്ടര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമാണ് ശ്രീറാം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് വിധിച്ചത്. 2019 ഓഗസ്റ്റ് 3ന് പുലര്‍ച്ചെയാണ് ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ടത്.