പാകിസ്ഥാനെ തകർത്ത് ലങ്ക; ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഷനകയും സംഘവും

ദുബായ്: ആഭ്യന്തര സംഘർഷങ്ങളിലും സാമ്പത്തിക പ്രതിസന്ധിയിലും നട്ടംതിരിയുന്ന ശ്രീലങ്കൻ ജനതയ്ക്ക് ആശ്വാസത്തിന്‍റെ കിരീടവുമായി ദസുൻ ഷനകയും സംഘവും. ടൂർണമെന്‍റിന്‍റെ പ്രാഥമിക ഘട്ടത്തിലും സൂപ്പർ ഫോറിലും തകർപ്പൻ പോരാട്ടവീര്യം പ്രകടിപ്പിച്ച ശ്രീലങ്ക പാകിസ്ഥാനെ 23 റൺസിന് പരാജയപ്പെടുത്തി ഏഷ്യാ കപ്പ് കിരീടം നേടി.

തുടക്കത്തിൽ പതറിയ ശേഷം ശക്തമായി തിരിച്ചു വന്നാണ് ശ്രീലങ്ക 171 റൺസ് വിജയ ലക്ഷ്യമുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു.

ടോസ് ലഭിച്ചിട്ടും പാകിസ്ഥാന് അത് മുതലാക്കാനായില്ല. ശ്രീലങ്ക ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 147 റൺസിന് എല്ലാവരും പുറത്തായി. പ്രമോദ് മധുഷൻ നാല് വിക്കറ്റും വാനിന്ദു ഹസരംഗ മൂന്ന് വിക്കറ്റും വീഴ്ത്തിയാണ് പാകിസ്ഥാനെ തകർത്തത്.