ഇറക്കുമതിയിൽ വൻ നിരോധനമേർപ്പെടുത്തി ശ്രീലങ്ക

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കൻ സർക്കാർ കർശന നടപടികൾ സ്വീകരിച്ചു. തേങ്ങ, അണ്ടിപ്പരിപ്പ്, ചോക്ലേറ്റ്, കുപ്പിവെള്ളം, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുൾപ്പെടെ 305 ഇനങ്ങളുടെ ഇറക്കുമതി അനിശ്ചിതകാലത്തേക്ക് നിരോധിച്ചു.

ഉപ്പ് മുതൽ കർപ്പൂരം വരെ എല്ലാം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ശ്രീലങ്ക. രാജ്യത്തിന്‍റെ സമ്പത്തിന്‍റെ ഒഴുക്ക് പരമാവധി കുറയ്ക്കുക എന്നതാണ് ധനമന്ത്രാലയത്തിന്‍റെ ചുമതലയുള്ള പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ ലക്ഷ്യമിടുന്നത്. ഇംപോർട്ട് ആൻഡ് എക്സ്പോർട്ട് കൺട്രോൾ ആക്ട് പ്രകാരം 305 ചരക്കുകളുടെ ഇറക്കുമതി നിർത്തിവച്ചു.

പാൽ, തൈര്, കണ്ടൻസ്ഡ് മിൽക്ക്, മിനറൽ വാട്ടർ, ശീതളപാനീയങ്ങൾ, കുപ്പി ജ്യൂസുകൾ, തേങ്ങ, കശുവണ്ടിപ്പരിപ്പ്, ചോക്ലേറ്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഷേവിംഗ് ക്രീമുകൾ, ലോഷനുകൾ, പൂക്കൾ, അലങ്കാര സസ്യങ്ങൾ, വസ്ത്രങ്ങൾ, വാച്ചുകൾ, ടെലിഫോണുകൾ, പ്രഷർ കുക്കറുകൾ മുതലായവയുടെ ഇറക്കുമതിയാണ് നിരോധിച്ചത്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് പകരം തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ ഉപയോഗിക്കാനാണ് നിർദ്ദേശം.