ശ്രീലങ്കയില്‍ കനത്ത സുരക്ഷയോടെ ഇന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും

ശ്രീലങ്ക : ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റിനെ ഇന്ന് തിരഞ്ഞെടുക്കും. പാർലമെന്‍റിൽ രഹസ്യവോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആക്ടിങ് പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ ഉൾപ്പെടെ മൂന്ന് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. റനിൽ വിക്രമസിംഗെ ജയിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

രാവിലെ 10 മണിക്കാണ് പാർലമെന്‍റിൽ വോട്ടെടുപ്പ്. ആക്ടിംഗ് പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ, ഡളളസ് അലഹപെരുമ, ജനതാ വിമുക്തി പെരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് മത്സരരംഗത്തുള്ളത്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ അവസാന നിമിഷം പത്രിക പിൻവലിച്ചു കൊണ്ട് അലഹപെരുമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

225 അംഗ പാർലമെന്‍റിൽ 113 വോട്ടുകൾക്ക് വിജയിക്കാം. രഹസ്യ ബാലറ്റ് ഉണ്ടാകും. അതേസമയം, റനിൽ വിക്രമസിംഗെയ്ക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിക്രമസിംഗെയ്ക്ക് വോട്ട് ചെയ്താൽ അതിന്‍റെ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും സമരക്കാർ എംപിമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റനിൽ വിക്രമസിംഗെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പ്രതിഷേധക്കാർ തങ്ങളുടെ പ്രതിഷേധം സർക്കാർ മന്ദിരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത്തരം പ്രതിഷേധങ്ങളെ അടിച്ചമർത്തുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.