ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു ലഹരി കടത്തിയ ശ്രീലങ്കൻ പൗരന്മാർക്ക് പാക് ബന്ധം: എൻ ഐ എ
കൊച്ചി: ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു ലഹരി കടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നു തിരുച്ചിറപ്പള്ളിയിൽ പിടിയിലായവർക്ക് പാക്കിസ്ഥാൻ ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. തിരുച്ചിറപ്പള്ളിയിൽ നിന്ന് പിടിയിലായ ഒമ്പതംഗ സംഘത്തിലെ രണ്ട് പേർക്ക് പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാജി സലിം ശൃംഖലയുമായി ബന്ധമുണ്ടെന്നും ആയുധങ്ങളും മയക്കുമരുന്നുകളും കടത്തുന്നതായും വിവരമുണ്ട്.
ഗുണശേഖരൻ എന്ന ‘ഗുണ’, സംഘത്തിലെ പുഷ്പരാജ് എന്ന ‘പൂക്കുട്ടി’ എന്നിവർക്കാണ് പാകിസ്ഥാൻ ബന്ധമുള്ളതെന്നും ശ്രീലങ്കയിലെ മയക്കുമരുന്ന് ഇടപാടുകളുടെ സൂത്രധാരൻമാരാണ് ഇവരെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
വിഴിഞ്ഞം തീരത്ത് നിന്ന് മയക്കുമരുന്ന് പിടികൂടിയതിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ മയക്കുമരുന്നുകളും ആയുധങ്ങളും എത്തിച്ച് എൽടിടിഇയെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. ചെന്നൈ, തിരുപ്പൂർ, ചെങ്കൽപേട്ട്, തിരുച്ചിറപ്പള്ളി ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ സംഘവുമായി ബന്ധമുള്ളവർ താമസിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.