ശ്രീലങ്കക്കാര്‍ക്ക് ഇന്ത്യന്‍ രൂപ കൈവശം വയ്ക്കാൻ അനുമതി; ഇടപാടുകള്‍ക്ക് ഉപയോഗിക്കാനാവില്ല

ശ്രീലങ്കക്കാർക്ക് ഇന്ത്യൻ രൂപ കൈവശം വയ്ക്കാന്‍ അനുമതി. ആളുകൾക്ക് 10,000 ഡോളറിന് തുല്യമായ ഇന്ത്യൻ കറൻസികൾ കൈവശം വയ്ക്കാം. അതേസമയം, ഇടപാടുകൾക്ക് ഇന്ത്യൻ രൂപ ഉപയോഗിക്കാൻ കഴിയില്ല. എന്നിരുന്നാലും, ഇന്ത്യൻ രൂപയെ മറ്റ് കറൻസികളിലേക്ക് മാറ്റാൻ കഴിയും.

ഇന്ത്യൻ രൂപ ശ്രീലങ്ക നിയുക്ത വിദേശ കറൻസിയായി ഉപയോഗിക്കും. ഒരു രാജ്യത്ത് വ്യാപാരത്തിനും വിനിമയത്തിനും സ്വതന്ത്രമായി ഉപയോഗിക്കാൻ അനുവാദമുള്ള കറൻസിയാണ് നിയുക്ത വിദേശ കറൻസി. ഇന്ത്യൻ രൂപയ്ക്ക് പുറമെ യുഎസ് ഡോളർ, പൗണ്ട് സെറ്റര്‍ലിംഗ്, സ്വിസ് ഫ്രാങ്ക് എന്നിവയുൾപ്പെടെ 14 വിദേശ കറൻസികൾ ശ്രീലങ്കയിൽ ഉപയോഗിക്കാൻ അനുവാദമുണ്ട്.

ഇന്ത്യൻ കറൻസിയിൽ വ്യാപാരം നടത്താൻ ഇരു രാജ്യങ്ങളും നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. ഡോളർ ക്ഷാമം നേരിടുന്ന ശ്രീലങ്കയ്ക്ക് വിദേശനാണ്യത്തിന്‍റെ ലഭ്യത ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കും. ഇന്ത്യൻ രൂപ മറ്റ് കറൻസികളിലേക്ക് മാറ്റുന്നതിന് നോസ്ട്രോ (ഐ.എൻ.ആർ നോസ്ട്രോ) അക്കൗണ്ടുകൾ തുറക്കുന്നതിന് ശ്രീലങ്കൻ ബാങ്കുകൾ ഇന്ത്യയിലെ ബാങ്കുകളുമായി കരാറിൽ ഏർപ്പെടേണ്ടതുണ്ട്. നിലവിൽ ഒരു ഇന്ത്യൻ രൂപ ലഭിക്കാൻ 4.56 ശ്രീലങ്കൻ രൂപ നൽ കണം. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ രൂപയുടെ വിനിമയം വർദ്ധിപ്പിക്കാനും യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള ശ്രമത്തിലാണ് ഇന്ത്യ.