ശ്രീലങ്കയിൽ പ്രക്ഷോഭകാരികൾക്കെതിരെ നടപടി ശക്തമാക്കി സൈന്യം

കൊളംബോ: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധക്കാർക്കെതിരെ ശ്രീലങ്കൻ സൈന്യം നടപടികൾ ശക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസിന് ചുറ്റും സൈന്യവും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രധാനമന്ത്രിയും പ്രസിഡന്‍റും ഔദ്യോഗികമായി രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. അതേസമയം, പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രി ഉത്തരവിട്ടു. എല്ലാ സംഘർഷ മേഖലകളിലും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിഷേധം ശക്തമായതോടെ സർക്കാർ നിയന്ത്രണത്തിലുള്ള രണ്ട് ടെലിവിഷൻ ചാനലുകളുടെ പ്രക്ഷേപണം തടസ്സപ്പെട്ടു. പ്രതിഷേധക്കാർ ഓഫീസുകൾ ആക്രമിച്ച് നിയന്ത്രണം ഏറ്റെടുത്തതിനെ തുടർന്ന് രുപവാഹിനി, ഐടിഎന്‍ ചാനലുകളുടെ പ്രക്ഷേപണം നിർത്തിവച്ചു. പ്രതിഷേധം കൂടുതൽ സർക്കാർ ഓഫീസുകളിലേക്കും അഡ്മിനിസ്ട്രേറ്റീവ് സെന്‍ററുകളിലേക്കും വ്യാപിക്കുകയാണ്. പ്രതിഷേധക്കാർ കൂട്ടത്തോടെ തടിച്ചുകൂടിയ പ്രദേശങ്ങളിൽ കൂടുതൽ സൈനികരെ എത്തിക്കാനാണ് നീക്കം. സൈനിക ഹെലികോപ്റ്ററുകളും പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്.

പ്രതിഷേധക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ സൈന്യവും പോലീസും വിമുഖത കാട്ടിയിരുന്നു. എന്നിരുന്നാലും, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതു മുതൽ സുരക്ഷാ സേന പ്രതിഷേധക്കാർക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തുന്നുണ്ട്. രജപക്സെയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. വിക്രമസിംഗെയുടെ വീടിന് മുന്നിൽ വൻ ജനാവലി പ്രതിഷേധിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രധാനമന്ത്രിയുടെ വസതിയുടെ മതിൽ കയറാൻ ശ്രമിച്ചവർക്ക് നേരെയും പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.