സംസ്ഥാനത്ത് എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമായിത്തുടങ്ങി

തിരുവനന്തപുരം: ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ പാസായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമായിത്തുടങ്ങി. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് പരീക്ഷാ കമ്മീഷണർ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

മൊബൈൽ നമ്പറും ആധാറും ഉപയോഗിച്ച് ഡിജിലോക്കറിന്‍റെ വെബ്സൈറ്റ് വഴി അക്കൗണ്ട് തുറക്കാം. ഇതിൽ ആധാറിൽ നൽകിയിരിക്കുന്ന പേരും ജനനത്തീയതിയും നൽകണം. ലിംഗം, മൊബൈൽ നമ്പർ, ആറക്ക പിൻനമ്പർ, ഇ-മെയിൽ ഐ.ഡി, ആധാർ നമ്പർ എന്നിവയും നൽകണം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലാണ് ഒടിപി നൽകുക.

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭിക്കാൻ ഡിജിലോക്കറിൽ ലോഗിൻ ചെയ്ത ശേഷം ‘ഗെറ്റ് മോർ നൗ’ ബട്ടണിൽ ക്ലിക്ക് ചെയ്ത് എജ്യുക്കേഷൻ വിഭാഗത്തിൽ നിന്ന് ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ കേരള തിരഞ്ഞെടുക്കണം. ഇതിൽ പത്താം ക്ലാസ് സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് തിരഞ്ഞെടുക്കണം. രജിസ്ട്രേഷൻ നമ്പറും വർഷവും നൽകി സർട്ടിഫിക്കറ്റ് നേടാം.