എസ്‌എസ്‌എൽവി വിക്ഷേപണം ഉടൻ; 9.18ന്‌ റോക്കറ്റ്‌ കുതിക്കും

ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഐഎസ്ആർഒ രൂപകൽപ്പന ചെയ്ത എസ്എസ്എൽവി ആദ്യ വിക്ഷേപണം ഉടൻ നടക്കും. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നെയും രാജ്യത്തെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികള്‍ ചേര്‍ന്നു നിര്‍മിച്ച ആസാദിസാറ്റിനെയും എസ്.എസ്.എല്‍.വി. ഭ്രമണപഥത്തിലെത്തിക്കും.

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ വിക്ഷേപണം കാണാൻ പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും ക്ഷണിച്ചിട്ടുണ്ട്. രാവിലെ 9.18ന് നടക്കുന്ന വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. വിക്ഷേപണത്തിന് ആറര മണിക്കൂർ മുമ്പാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. നിര്‍മാണച്ചെലവ് വളരെ കുറവുള്ള എസ്.എസ്.എല്‍.വി. വിക്ഷേപണ സജ്ജമാക്കാന്‍ കുറച്ചു സമയം മതി എന്നതുകൊണ്ടാണ് കൗണ്ട്ഡൗണ്‍ സമയം കുറച്ചത്. ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യമേഖലയ്ക്കുകൂടി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് എസ്.എസ്.എല്‍.വി.ക്കു രൂപം നല്‍കിയത്.

രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യ സംരംഭകർക്ക് ഇതിന്‍റെ സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ എൻഎസ്ഐഎല്ലിനായിരിക്കും ഇതിന്‍റെ ചുമതല.