കണ്ണൂരിൽ പഴകിയ ഭക്ഷണം പിടികൂടി; 58 ഹോട്ടലുകള്‍ക്ക് നോട്ടിസ്

കണ്ണൂർ: കോർപറേഷൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അൽഫാം, തന്തൂരി തുടങ്ങിയ ചിക്കൻ വിഭവങ്ങളാണ് കൂടുതലും പിടിച്ചെടുത്തത്. പരിശോധനയിൽ ഭക്ഷണം പുഴുവരിക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. 58 ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയതായും അധികൃതർ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പ് ചൊവ്വാഴ്ച സംസ്ഥാനത്തെ 429 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 43 എണ്ണം അടച്ചുപൂട്ടി. ഇതിൽ 22 എണ്ണം വൃത്തിഹീനമായ അവസ്ഥയിലാണ് പ്രവർത്തിച്ചിരുന്നത്. 21 എണ്ണത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് ഉണ്ടായിരുന്നില്ല.

ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട വിവിധ വീഴ്ചകളുടെ പേരിൽ 138 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പരിശോധന സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.