തമിഴ്‌നാട്ടിൽ സ്റ്റാലിൻ്റെ മകനും മന്ത്രിസഭയിലേക്ക്; ഉദയനിധി സ്റ്റാലിന്‍റെ സത്യപ്രതി‍ജ്ഞ ഉടൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ മകനും ചെന്നൈയിലെ ചെപ്പോക്കിൽ നിന്നുള്ള എം.എൽ.എയുമായ ഉദയനിധി സ്റ്റാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെന്ന് റിപ്പോർട്ട്. പാർട്ടി വൃത്തങ്ങളിൽ ചിന്നവർ എന്നറിയപ്പെടുന്ന ഉദയനിധി ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. മറ്റ് ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകുമെന്നാണ് സൂചന.

ചെപ്പോക്ക്-തിരുവെള്ളിക്കേണി കരുണാനിധിയുടെ മണ്ഡലമായിരുന്നു. ഇത് ഡിഎംകെയ്ക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിൽ ഒന്നാണ്. കരുണാനിധിയുടെ മരണശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ചെപ്പോക്കിൽ ആര് മത്സരിക്കും എന്നതിനെക്കുറിച്ച് നേതാക്കൾക്ക് പോലും ആശങ്കയുണ്ടായിരുന്ന സമയത്താണ് മുത്തച്ഛന്‍റെ പാരമ്പര്യം സംരക്ഷിക്കാൻ ഉദയനിധിയെ പാർട്ടി നിയോഗിച്ചത്.

ഉദയനിധിയെ ചെപ്പോക്കുകാർ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് അയച്ചത്. ഉദയനിധിയെ എപ്പോൾ മന്ത്രിസഭയിൽ ഉൾപ്പെടുത്തും എന്നതാണ് അന്ന് മുതൽ ഉയരുന്ന ചോദ്യം. അതിനുള്ള ഉത്തരമാണ് വരാനിരിക്കുന്ന പ്രഖ്യാപനം. 2021 ഏപ്രിൽ 6ന് തിരഞ്ഞെടുപ്പ് നടന്നത് മുതൽ രാഷ്ട്രീയ വൃത്തങ്ങളിലും സജീവ ചർച്ചാ വിഷയമാണ് ഉദയനിധിയുടെ സ്ഥാനാരോഹണം.