സ്റ്റാര്‍ഷിപ്പിന്റെ ആദ്യ വിക്ഷേപണം വൈകിയേക്കും

ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും മനുഷ്യരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്പേസ് എക്സ് വികസിപ്പിക്കുന്ന സ്റ്റാർഷിപ്പിന്‍റെ ആദ്യഓര്‍ബിറ്റല്‍ ടെസ്റ്റ് വൈകിയേക്കും. റോക്കറ്റ് ബൂസ്റ്റർ പരീക്ഷണത്തിനിടെയുണ്ടായ സ്ഫോടനത്തെ തുടർന്നാണ് വിക്ഷേപണം വൈകുന്നത്.

സ്ഫോടനത്തിന്‍റെ ആഘാതം ചെറുതായിരുന്നു, പരിശോധനകൾക്കായി വിക്ഷേപണ പാഡിൽനിന്ന് ബൂസ്റ്റർ നീക്കം ചെയ്തു. ബൂസ്റ്റർ അടുത്തയാഴ്ച വിക്ഷേപണ സ്റ്റാൻഡിൽ തിരിച്ചെത്തുമെന്ന് ഇലോൺ മസ്ക് പറഞ്ഞു.

സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആദ്യ പകുതി ഭാഗം ഈ ബൂസ്റ്ററാണ്. തിങ്കളാഴ്ച വിക്ഷേപണത്തിന് മുമ്പുള്ള ചില പരിശോധനകൾക്കിടയിൽ താഴെയുള്ള എഞ്ചിന്‍റെ വശത്ത് നിന്നാണ് സ്ഫോടനം നടന്നത്. ഒരു വലിയ തീഗോളമാണ് അവിടെ സൃഷ്ടിച്ചത്. രംഗം പകർത്തിയ ക്യാമറകൾ പോലും വലിയ വിറയലിൽ വിറച്ചു.