പൊലീസ് സർവ്വകലാശാല സംസ്ഥാന സർക്കാർ ഉപേക്ഷിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിക്കാനിരുന്ന പൊലീസ് സർവകലാശാല സർക്കാർ ഉപേക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആശയം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഫൊറൻസിക് വിഷയങ്ങൾ പഠിക്കാൻ യൂണിഫോം സേനകൾക്കായി പ്രത്യേക സർവകലാശാല സ്ഥാപിക്കാനായിരുന്നു തീരുമാനം. പൊലീസിന് പ്രത്യേക സർവകലാശാല വേണ്ടെന്ന് ഡിജിപി അനിൽ കാന്ത് യോഗത്തെ അറിയിച്ചു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് പൊലീസിനായി പ്രത്യേക സർവകലാശാല സ്ഥാപിക്കാൻ തീരുമാനിച്ചത്. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബായിരുന്നു പദ്ധതിയുടെ നോഡൽ ഓഫീസർ. അലക്സാണ്ടർ ജേക്കബ് 5 വർഷത്തോളം പഠനം നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. നോഡൽ ഓഫീസർ സമർപ്പിച്ച റിപ്പോർട്ട് ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന യോഗത്തിലാണ് പ്രത്യേക സർവകലാശാല വേണ്ടെന്ന് തീരുമാനിച്ചത്. ഇതുവരെ 15 ലക്ഷം രൂപയാണ് സർവകലാശാലയെക്കുറിച്ച് പഠിക്കാൻ ചെലവഴിച്ചത്.
പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന്‍റെ ഭാഗമായി, പ്രൊഫഷണൽ മികവിനായുള്ള ബിരുദ കോഴ്സുകളാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ അത്തരമൊരു സർവകലാശാലയുടെ ആവശ്യമില്ലെന്ന് ഡി.ജി.പി ആഭ്യന്തര വകുപ്പിനെ അറിയിച്ചു. ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പൊലീസ് സർവകലാശാലകളുണ്ട്. സമാനമായി കേരളത്തിലും സര്‍വ്വകലാശാല സ്ഥാപിക്കാനായിരുന്നു പദ്ധതി.