സംസ്ഥാന ജി.എസ്.ടി പുനഃസംഘടന; ഓഫിസുകളുടെ എണ്ണം 335 ആകും

തൃശൂർ: സംസ്ഥാന ചരക്ക് സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടനയോടെ കേരളത്തിലെ ആകെ ഓഫീസുകളുടെ എണ്ണം 335 ആയി ഉയരും. നിലവിലുള്ള ജി.എസ്.ടി സർക്കിളിനും സ്പെഷ്യൽ സർക്കിൾ ഓഫീസുകൾക്കും പകരമായി 94 ടാക്സ് പെയർ സർവീസ് യൂണിറ്റുകൾ (ടി.പി.യു) സൃഷ്ടിക്കും.

ഇതോടെ നികുതിദായകരുടെ റിട്ടേൺ ഫയലിംഗ് നിരീക്ഷണവും പ്രാഥമിക പരിശോധനയും സമയബന്ധിതമായി നടത്താൻ കഴിയും. ഇതുകൂടാതെ 31 ഡിവിഷൻ ഓഫീസുകളും ഇതിനായി സജ്ജമാക്കും.

ജില്ലാ ഓഫീസുകളിൽ റവന്യൂ റിക്കവറിക്കായി റിക്കവറി ഡെപ്യൂട്ടി കമ്മീഷണർമാരെ (ഡിസി) നിയമിക്കും. ഈ ഓഫീസുകളിൽ 15 ജോയിന്‍റ് കമ്മീഷണർ (ജെസി), 19 ഡിസികൾ, 24 സ്റ്റേറ്റ് ടാക്സ് ഓഫീസർമാർ (എസ്ടിഒ), 64 എഎസ്ടിഒ എന്നിങ്ങനെയാണ് തസ്തിക നിർണയിക്കുന്നത്. ഡിവിഷൻ ഓഫീസുകളിൽ 31 ഡി.സിമാരും 62 എസ്.ടി.ഒമാരും ഉണ്ടാകും. പരിഷ്കരണത്തിന് മന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയതോടെയാണ് വകുപ്പ് പുനഃസംഘടനയ്ക്ക് രൂപരേഖയായത്.