ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ
തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രവര്‍ത്തന ക്യാമ്പയിനിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ആറിന് (വ്യാഴം) രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നിർവ്വഹിക്കും. സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റി ക്യാമ്പസുകൾ എന്നിങ്ങനെ എല്ലായിടത്തും ഒക്ടോബർ രണ്ടിന് നിശ്ചയിച്ച പ്രകാരം പ്രോഗ്രാമുകൾ ഉണ്ടായിരിക്കും. കൈറ്റ്-വിക്ടേഴ്സ് ചാനൽ കേബിൾ/ ഡിടിഎച്ച് നെറ്റ് വർക്കുകളിൽ ലഭ്യമാണ്. ഇതിനുപുറമെ, ഉദ്ഘാടനം ഓൺലൈനായും കാണാൻ കഴിയും.
സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് ഒക്ടോബർ രണ്ടിന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം സംസ്ഥാന സർക്കാർ മാറ്റിവെക്കുകയായിരുന്നു. പകരം ഒക്ടോബർ 6 വ്യാഴാഴ്ച ഉദ്ഘാടനം നടത്തുമെന്നും അറിയിച്ചിരുന്നു.
വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഒരു മാസക്കാലം സ്കൂൾ തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കും. വിദ്യാർത്ഥികൾക്കിടയിൽ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തും.