രഹന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന ആവശ്യവുമായി സംസ്ഥാനം സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട കേസിൽ രഹന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകരുതെന്ന ആവശ്യവുമായി സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രഹന ഫാത്തിമ കോടതി നൽകിയ നിബന്ധനകൾ പലതവണ ലംഘിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് രഹന ഫാത്തിമ നൽകിയ ഹർജി തള്ളണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിന് വേണ്ടി കൗൺസിൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്. യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമല ദർശനത്തിന് ശ്രമിച്ചതിനെതിരെ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ടാണ് രഹന ഫാത്തിമ ഹർജി നൽകിയത്.