സംസ്ഥാന സ്‌കൂള്‍ കലോത്സവം അരികെ; ഇനി അപ്പീലുകള്‍ കുറയും

പത്തനംതിട്ട: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീലുകള്‍ വാരിക്കോരി നൽകിയിരുന്ന കാലം കഴിഞ്ഞു. ജനുവരി മൂന്നിന് കോഴിക്കോട് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീലുകൾ കുറയുമെന്നാണ് വിവരം. അപ്പീലിലൂടെ മത്സരിക്കാൻ ഇടക്കാല ഉത്തരവ് അനുവദിക്കുന്നതിൽ ലോകായുക്ത നിബന്ധനകൾ കർശനമാക്കിയതാണ് ഇതിന് കാരണം.

ലോകായുക്തയ്ക്ക് പരാതി നൽകുമ്പോൾ, മത്സരത്തിൽ താൽക്കാലികമായി പങ്കെടുക്കാൻ അനുവദിക്കുന്ന സമ്പ്രദായമാണ് ഉണ്ടായിരുന്നത്. ഇടക്കാല ഉത്തരവിലൂടെ മത്സരിക്കാമെങ്കിലും അന്തിമ ഉത്തരവ് അനുസരിച്ചാണ് ഫലം. എതിർകക്ഷികളെ കേൾക്കാനുള്ള അവസരം മത്സരത്തിന് ശേഷം മാത്രമേ ലഭിക്കൂ. ഇതിന് നോട്ടീസും നൽകും. എന്നിരുന്നാലും, മത്സരശേഷം ആരും ലോകായുക്തയിലേക്ക് തിരിഞ്ഞ് നോക്കാറില്ല. ഹർജി സ്വയം അവസാനിക്കും.

ഈ പരിപാടി ഇനി നടക്കില്ല. അഴിമതി നടന്നുവെന്ന് ആരോപിക്കപ്പെട്ടാൽ എതിര്‍കക്ഷികളുടെ ഭാഗംകൂടി ഇത്തവണ കേൾക്കും.