തെക്കൻ കേരളത്തിനെതിരായ പ്രസ്താവന; സുധാകരനെതിരെ കെ. സുരേന്ദ്രൻ

കോഴിക്കോട്: കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. തെക്കൻ കേരളത്തിനും രാമായണത്തിനുമെതിരെ അപകീർത്തികരമായ പരാമർശങ്ങളാണ് അദ്ദേഹം നടത്തിയതെന്നും സുധാകരന് പദവിയിൽ തുടരാൻ യോഗ്യതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കാൻ രാഹുൽ ഗാന്ധി തയ്യാറാവണം. അച്ചടക്ക നടപടി സ്വീകരിക്കാന്‍ തയ്യാറല്ലെങ്കിൽ കേരളത്തിൽ നിന്നുള്ള എംപിയാണെന്ന് പറയാൻ രാഹുലിന് അർഹതയില്ലെന്നാണ് ബിജെപിയുടെ നിലപാട്. തെക്കൻ കേരളത്തിലെ കോൺഗ്രസ് നേതാക്കളോടുള്ള വിരോധം കൊണ്ടാകാം സുധാകരന്‍റെ ഇത്തരമൊരു പ്രസ്താവനയെന്നും സുരേന്ദ്രൻ പറഞ്ഞു.

രാമായണത്തെക്കുറിച്ചും തെക്കൻ കേരളത്തിലെ ജനങ്ങളെക്കുറിച്ചുമുള്ള സുധാകരന്‍റെ പ്രസ്താവന അപകീർത്തികരവും പ്രകോപനപരവുമാണ്. സുധാകരൻ സാധാരണക്കാരെയും വിശ്വാസി സമൂഹത്തെയും വെല്ലുവിളിച്ചു. രാമായണത്തിലെ കഥകളെക്കുറിച്ച് അനാവശ്യമായി വ്യാഖ്യാനം നടത്തേണ്ട ആവശ്യമില്ല. രാഷ്ട്രീയക്കാർ മഹാ പണ്ഡിതന്മാരല്ല. സുധാകരന്‍റെ ചരിത്രബോധം പൂർണമായും നഷ്ടപ്പെട്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു.