വിഴിഞ്ഞം തുറമുഖത്തേക്കുള്ള തടസ്സങ്ങൾ നീക്കാൻ നടപടിയെടുക്കണം: ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡിൽ സമരക്കാർ സൃഷ്ടിക്കുന്ന തടസ്സം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖത്തേക്കുള്ള പ്രധാന റോഡിലെ തടസ്സം ഇതുവരെ നീക്കിയിട്ടില്ലെന്ന് ഹർജി പരിഗണിക്കവേ അദാനി ഗ്രൂപ്പ് വ്യക്തമാക്കി. സമര പന്തൽ പൊളിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഇത് കണക്കിലെടുത്താണ് വാഹനങ്ങളുടെ സഞ്ചാരത്തിന് തടസം പാടില്ലെന്ന് കോടതി വ്യക്തമാക്കിയത്. തടസം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഇടക്കാല ഉത്തരവിൽ കോടതി പൊലീസിന് നിർദ്ദേശം നൽകി. നിർമ്മാണത്തിന് പോകുന്ന വാഹനങ്ങളൊന്നും തടഞ്ഞിട്ടില്ലെന്നും ആ സാഹചര്യത്തിൽ കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജികൾ പരിഗണിക്കുന്നത് കോടതി അടുത്ത മാസം ഏഴിലേക്ക് മാറ്റി.

പൊലീസ് സംരക്ഷണമില്ലാത്തതിനാലാണ് തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവച്ചതെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പ് കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ കോടതി നേരത്തെ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. സമരക്കാർക്ക് പദ്ധതി തടസ്സപ്പെടുത്താൻ അവകാശമില്ലെന്നും തുറമുഖ നിർമ്മാണത്തിന് മതിയായ സുരക്ഷ ഒരുക്കണമെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. സർക്കാരിന് പോലീസ് സുരക്ഷ നൽകാൻ കഴിയുന്നില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും നിർദേശമുണ്ട്.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനീയറിംഗും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പണിമുടക്കിനെ തുടർന്ന് തുറമുഖത്തിന്‍റെ നിർമ്മാണം സ്തംഭിച്ചിരിക്കുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രതിഷേധക്കാർ അതീവ സുരക്ഷാ മേഖലയിലേക്ക് പ്രവേശിച്ച് നാശനഷ്ടങ്ങൾ വരുത്തിയിട്ടും പൊലീസ് കാഴ്ചക്കാരായി തുടരുകയാണെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. സമരത്തിന്‍റെ പേരിൽ നിർമ്മാണം നിർത്തിവയ്ക്കാനാവില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാർ തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് പ്രവേശിക്കരുതെന്ന് കോടതി വ്യക്തമാക്കിയത്. പ്രതിഷേധം സമാധാനപരമായിരിക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടാൻ പാടില്ല. പദ്ധതി സ്ഥലത്തേക്ക് വരുന്ന ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും തടയാൻ പ്രതിഷേധക്കാർക്ക് അവകാശമില്ല. ഇതായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ.