ആറാം വാരവും നേട്ടം നിലനിർത്താനാവാതെ ഓഹരി വിപണി

കൊച്ചി: തുടർച്ചയായ ആറാം ആഴ്ചയും നേട്ടം നിലനിർത്താനുള്ള ഇന്ത്യൻ ഓഹരി വിപണിയുടെ ശ്രമം വിജയിച്ചില്ല. ഡെറിവേറ്റീവ് വിപണിയിൽ ഓഗസ്റ്റ് സീരീസ് സെറ്റിൽമെന്‍റിന് മുന്നോടിയായി ഓപ്പറേറ്റർമാർ ലോങ്‌ കവറിങിന്‌ കാണിച്ച തുടക്കം ബുൾ റാലിയുടെ ആയുസിന്‌ തിരിച്ചടിയായി. സെൻസെക്സ് 812 പോയിന്‍റും നിഫ്റ്റി 199 പോയിന്‍റും ഇടിഞ്ഞു.

ആഭ്യന്തര, വിദേശ ഫണ്ടുകൾ വിൽപ്പനയ്‌ക്കും നിക്ഷേപത്തിനും ഒപ്പത്തിനൊപ്പം പല അവസരത്തിലും മത്സരിച്ചു. വിദേശ ഓപ്പറേറ്റർമാർ 955 കോടി രൂപ നിക്ഷേപിച്ചപ്പോൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കഴിഞ്ഞ ആഴ്ച 956 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഓഗസ്റ്റിൽ ഇതുവരെ വിദേശ ഫണ്ടുകൾ 18,420.9 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ, കഴിഞ്ഞ എട്ട് മാസമായി നിക്ഷേപത്തിനായി മാത്രം മത്സരിച്ച ആഭ്യന്തര ഫണ്ടുകൾ ഈ മാസം 6,555.99 കോടി രൂപയുടെ ഓഹരികൾ വിറ്റു.

വിനിമയ വിപണിയിൽ, രൂപയുടെ മൂല്യം വാരാന്ത്യത്തിൽ 79.82 ആണ്. ഉയർന്ന വിദേശനിക്ഷേപവും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില സ്ഥിരതയും അനുകൂലമാണെങ്കിലും, ഫോറെക്സ് വിപണിയിലെ മുൻനിര കറൻസികൾക്കെതിരെ ഡോളർ ശക്തിപ്പെടുന്നത് രൂപയെ സമ്മർദ്ദത്തിലാക്കുന്നു. ഈ പ്രവണത തുടരുകയാണെങ്കിൽ, സമീപഭാവിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 80 കടന്ന് 80.20 ലേക്ക് നീങ്ങും. യുഎസ് ഓഹരി വിപണിയിലെ ചലനങ്ങൾ വിലയിരുത്തുമ്പോൾ, തിങ്കളാഴ്ച ഓപ്പണിങ്‌ വേളയിൽ ഇന്ത്യൻ വിപണി ശക്തമായ ചാഞ്ചാട്ടം നേരിടാൻ സാധ്യതയുണ്ട്. നിഫ്റ്റി ഐ.ടി സൂചിക 4.5 ശതമാനവും നിഫ്റ്റി ഫാർമ സൂചിക 1.7 ശതമാനവും നിഫ്റ്റി ഹെൽത്ത് കെയർ സൂചിക 1 ശതമാനവും ഇടിഞ്ഞപ്പോൾ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 4.4 ശതമാനം മികവ്‌ കാണിച്ചു.