കൊടുങ്കാറ്റ് ഭീഷണി; ആര്‍ട്ടെമിസ് 1 വിക്ഷേപണം നാസ വീണ്ടും മാറ്റി

സാൻഫ്രാൻസിസ്കോ: നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസ് 1ന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. ഉഷ്ണമേഖലാ കൊടുങ്കാറ്റായ നിക്കോൾ ഫ്ലോറിഡ തീരത്ത് ആഞ്ഞടിക്കുമെന്ന ഭയത്തെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചത്.

എഞ്ചിൻ തകരാർ കാരണം, വിക്ഷേപണം മുമ്പ് നിരവധി തവണ മാറ്റിവച്ചിട്ടുണ്ട്. ഒടുവിൽ റോക്കറ്റ് കഴിഞ്ഞയാഴ്ചയാണ് വിക്ഷേപണ പാഡിലേക്ക് തിരികെ കൊണ്ടുവന്നത്. വിക്ഷേപണം തിങ്കളാഴ്ച നടക്കേണ്ടിയിരുന്നെങ്കിലും ഉഷ്ണമേഖലാ കൊടുങ്കാറ്റ് കാരണം വിക്ഷേപണം അടുത്ത ബുധന്‍ വരെയെങ്കിലും മാറ്റിവയ്ക്കേണ്ടി വരുമെന്ന് നാസ ചൊവ്വാഴ്ച അറിയിച്ചു.

ഫ്ലോറിഡയിലെ അറ്റ്ലാന്‍റിക് തീരങ്ങളിൽ ആഞ്ഞടിക്കുമെന്ന് കരുതപ്പെടുന്ന നിക്കോൾ ചുഴലിക്കാറ്റ് വളരെ അപകടകരമായ കാറ്റഗറി 1 ചുഴലിക്കാറ്റുകളുടെ വിഭാഗത്തിൽ പെടുന്നതാണ്. ചുഴലിക്കാറ്റ് ഭീതിയിലാണെങ്കിലും ലോഞ്ച് പാഡിൽ നിന്ന് റോക്കറ്റ് നീക്കിയിട്ടില്ല. ചുഴലിക്കാറ്റിനെയും മഴയെയും അതിജീവിക്കാൻ പാകത്തിന് രൂപകൽപ്പന ചെയ്തതാണ് ആർട്ടെമിസ്-1 എന്ന് നാസ പറയുന്നു.