സിനിമ ചിത്രീകരണത്തിനിടെ തെരുവുനായ ആക്രമണം; ക്യാമറമാന് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് സിനിമാ ചിത്രീകരണത്തിനിടെ അസോസിയേറ്റ് ക്യാമറാമാനെ തെരുവ് നായ കടിച്ചു. കടിയേറ്റ ജോബിൻ ജോണിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നഗരപരിധിയിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം വ്യാപകമാണ്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സിനിമയുടെ ചിത്രീകരണത്തിനിടെ അസോസിയേറ്റ് ക്യാമറാമാന് തെരുവ് നായയുടെ കടിയേറ്റത്. ഹരീഷ് പേരടി നിർമ്മിക്കുന്ന ദാസേട്ടന്‍റെ സൈക്കിൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

ഷൂട്ടിങ്ങിനിടെ നായ പിന്നിലൂടെ വന്ന് കടിക്കുകയായിരുന്നു എന്ന് സഹപ്രവർത്തകർ പറഞ്ഞു. കടിച്ച നായ ഉടൻ തന്നെ സ്ഥലം വിട്ടു. തുടർന്ന് ജോബിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി.