തെരുവുനായ ആക്രമണം; ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് ചേരും. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉച്ചകഴിഞ്ഞ് മൂന്നിന് കേസ് പരിഗണിക്കും. നേരത്തെ വിഷയത്തിൽ കർശനമായി ഇടപെട്ട കോടതി തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് പൗരൻമാരെ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
നായ്ക്കളെ കൊന്ന് നിയമം കൈയിലെടുക്കരുതെന്ന് ജനങ്ങളെ ബോധവത്കരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
പൊതുനിരത്തുകളിൽ ആക്രമണകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളിൽ പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഇന്ന് കോടതിയെ അറിയിക്കണം.
അതേസമയം, സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം തുടരുകയാണ്. ഇന്നലെ വിവിധയിടങ്ങളിലായി നിരവധി പേർക്ക് നേരെ ആക്രമണമുണ്ടായി.