സംസ്ഥാനത്തെ തെരുവുനായ ശല്യം അതീവ ഗുരുതരം, നാളെ മുഖ്യമന്ത്രിയെ കാണും: എം.ബി.രാജേഷ്

കണ്ണൂർ: തെരുവുനായ്ക്കളുടെ ശല്യം മൂലം സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്രതിസന്ധി പരിഹരിക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കും. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി 30 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പൊതുജനപങ്കാളിത്തത്തോടെ പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമം. നാളെ മുഖ്യമന്ത്രിയെ കണ്ട് വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

തെരുവുനായ്ക്കളുടെ ശല്യത്തിന്‍റെ കാര്യത്തിൽ സർക്കാർ ഇതിനകം ചില ഏകോപിത നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 152 ബ്ലോക്കുകളിൽ എബിസി സെന്‍ററുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. 30 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വളർത്തുനായ്ക്കളുടെ കാര്യത്തിൽ ലൈൻസിങ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വിശദീകരിച്ചു.

അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ കൂടിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്ഥിതി വളരെ ഗുരുതരമാണ്. നാളെ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ വിശദമായ കർമ്മപദ്ധതിക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.