തെരുവുനായ ശല്യം; വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാൻ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. എബിസി പദ്ധതിക്കായാണ് ഡോക്ടർമാരെ നിയമിക്കുന്നത്. ഒഴിവുള്ള പഞ്ചായത്തുകളിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാണ് നിയമനം നടത്തുകയെന്നും മന്ത്രി പറഞ്ഞു. അതേസമയം, തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കാനുള്ള ആറിന പദ്ധതിയുമായി വെറ്ററിനറി സർവകലാശാല രംഗത്തെത്തി.

1.നായ്ക്കളെ പിടിക്കാൻ തൊഴിലാളികൾക്ക് പരിശീലനം നൽകുക. അതിഥി തൊഴിലാളികളെയും ഉൾപ്പെടുത്തും.

2.പേവിഷ പ്രതിരോധ വാക്സീന്‍ നല്‍കാന്‍ വെറ്ററിനറി ഡിപ്ലോമയുള്ളവര്‍ക്കും പാരാമെ‍ഡിക്കല്‍ സ്റ്റാഫിനും പരിശീലനം.

3.മണ്ണുത്തി, പൂക്കോട് ക്യാംപസുകളില്‍ നായ്ക്കള്‍ക്ക് സൗജന്യ പേവിഷ പ്രതിരോധ വാക്സിനേഷന്‍.

4.തെരുവുനായ്ക്കളെ പാര്‍പ്പിക്കാനുള്ള ഷെല്‍റ്റര്‍ നിര്‍മാണത്തിന് സാങ്കേതികസഹായം.

5.വന്ധ്യംകരണത്തിനും അനുബന്ധ ചികിത്സയ്ക്കും ഡോക്ടര്‍മാര്‍ക്ക് പരിശീലനം.

6.പൊതുജനങ്ങള്‍ക്കായി ബോധവൽക്കരണ പരിപാടികള്‍. വെറ്ററിനറി സര്‍വകലാശാലയുടെ പ്രിവന്റീവ് മെഡിസിന്‍, പൊതുജനാരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടപ്പാക്കുക. തുടങ്ങിയ കർമ്മപദ്ധതികളാണ് വെറ്ററിനറി സര്‍വകലാശാല മുന്നോട്ടു വെച്ചത്.