തെരുവ് നായകള്‍ക്ക് മൃഗസ്നേഹികളുടെ വീടുകളില്‍ വച്ച് മാത്രം ഭക്ഷണം നല്‍കുക; ബോംബെ ഹൈക്കോടതി

മുംബൈ: തെരുവുനായകളുടെ സംരക്ഷണത്തിനും അവകാശങ്ങൾക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തുന്നവരുടെ വീടുകളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകണമെന്ന് ബോംബെ ഹൈക്കോടതി ജനങ്ങളോട് ആവശ്യപ്പെട്ടു. തെരുവുനായകൾ മനുഷ്യരെ നിരന്തരം ആക്രമിക്കുന്നുണ്ടെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് നിരീക്ഷിച്ചു. തെരുവുനായ്ക്കളുടെ അവകാശങ്ങൾക്കായി നിരന്തരം വാദിക്കുന്ന മൃഗസ്നേഹികൾക്ക് നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനിൽ നിയമപരമായി രജിസ്റ്റർ ചെയ്യാനും തെരുവ് നായ്ക്കളെ ദത്തെടുക്കാനും സംരക്ഷിക്കാനും കഴിയുമെന്ന് കോടതി പറഞ്ഞു. തെരുവുകളില്‍ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ കേസെടുക്കണമെന്നും കോടതി നിർദേശിച്ചു.

ശല്യമുണ്ടാക്കുന്ന തെരുവുനായ്ക്കൾക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് കേസെടുക്കാൻ നിർദേശം. നോയിഡയിൽ നവജാത ശിശുവിനെ തെരുവ് നായ കടിച്ച് കൊന്നതിന് പിന്നാലെയാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. നായയുടെ കടിയേറ്റ് വയറിനും കുടലിനും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് നോയിഡയിൽ നവജാത ശിശുവിന്‍റെ മരണം സംഭവിച്ചത്. ബോംബെ ഹൈക്കോടതിയുടെ വിധിയിൽ, ഇത് മനുഷ്യ-മൃഗ ഏറ്റുമുട്ടലുകളിൽ ഒരു നാഴികക്കല്ലായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു. മൃഗസ്നേഹികളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ഇടപെടലുകൾ പലപ്പോഴും തെരുവ് നായ്ക്കൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിൽ നിന്ന് തടഞ്ഞു. മുംബൈ ഹൈക്കോടതി വിധിയോടെ ഈ അവസ്ഥ മാറുമെന്നാണ് നിരീക്ഷണം.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയും മനുഷ്യർക്ക് നേരെയുള്ള ആക്രമണ സംഭവങ്ങൾ സാധാരണമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കോടതി വിധി. മൃഗസ്നേഹികളും മൃഗാവകാശ പ്രവർത്തകരും തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് വിവിധ സമയങ്ങളിലാണെന്ന് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താൽ ജനവാസ മേഖലകളുടെ പരിസരത്ത് തെരുവുനായ്ക്കളുടെ സാന്നിദ്ധ്യം വർദ്ധിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു.