ഇംഗ്ലണ്ടിൽ സ്ട്രെപ് എ അണുബാധ പടരുന്നു; ഇരയാവുന്നത് കുട്ടികള്‍
ലണ്ടൻ: ഇംഗ്ലണ്ടിൽ സ്ട്രെപ് എ അണുബാധ പടരുന്നു. ഭൂരിഭാഗവും കുട്ടികളാണ് ഈ അണുബാധയ്ക്ക് ഇരയാകുന്നത്. സ്ട്രെപ്റ്റോകോക്കസ് പയോജീൻസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ അണുബാധ നേരത്തെ നിലവിലുണ്ടായിരുന്നെങ്കിലും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ സമീപ വർഷങ്ങളിൽ കുട്ടികളിൽ കൂടുതൽ ബാധിക്കുന്നുണ്ട്. ഇന്നലെ മരിച്ച അഞ്ച് വയസുകാരി ഉൾപ്പെടെ ഒമ്പത് കുട്ടികളാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ലണ്ടനിൽ ഈ അണുബാധ കാരണം മരിച്ചത്.
തൊണ്ടവേദനയും പനിയുമായി തുടങ്ങുന്ന രോഗം അതിവേഗം അപകടകരമായ നിലയിലെത്തുന്നു. ഹൈ വികോമ്പി സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം അലി എന്ന 4 വയസ്സുകാരൻ, പെനാർത്തിൽ നിന്നുള്ള ഹന്നാ റോപ്പ് എന്ന ഏഴ് വയസുകാരി എന്നിവരാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മരിച്ചത്. സ്കാര്‍ലെറ്റ് ഫീവറും സ്ട്രെപ് എ അണുബാധയും ഇംഗ്ലണ്ടിനെ വലിയ തോതിലാണ് വലയ്ക്കുന്നത്. അണുബാധ വ്യാപകമായതിന് പിന്നാലെ ലണ്ടനിൽ നിരവധി പ്രൈമറി സ്കൂളുകളാണ് അടച്ചിടാനുള്ള തീരുമാനത്തിലേക്ക് എത്തിയിട്ടുള്ളത്.