‘ലഹരി ഉപയോഗവും വിതരണവും തടയുന്നതിന് കർശന നടപടി സ്വീകരിക്കും’
തിരുവനന്തപുരം: ലഹരിമരുന്ന് ഉപയോഗവും വിതരണവും തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കും. കുറ്റകൃത്യങ്ങളിൽ ആവർത്തിച്ച് ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടി സ്വീകരിക്കുമെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ റിപ്പോർട്ടിൽ പറയുന്നു. കാപ്പ രജിസ്റ്റർ തയ്യാറാക്കുന്ന മാതൃകയിൽ മയക്കുമരുന്ന് കടത്ത് നടത്തുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
അതിർത്തികളിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ട്രെയിനുകളിലും പരിശോധന കർശനമാക്കും. പൊലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ലഹരി വിരുദ്ധ സ്പെഷ്യൽ ഡ്രൈവ് നടത്തും.
മയക്കുമരുന്നിനെതിരായ പോരാട്ടം ജനകീയ പ്രചാരണത്തിനായി സംഘടിപ്പിക്കും. യുവജനങ്ങൾ, വനിതകൾ, കുടുംബശ്രീ പ്രവർത്തകർ, സാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ കൂട്ടായ്മകൾ തുടങ്ങി വിവിധ പ്രാദേശിക കൂട്ടായ്മകളെ കാമ്പയിനിൽ പങ്കാളികളാക്കും. ഇതിനായി വ്യക്തമായ രൂപരേഖ തയ്യാറാക്കും.