വിഴിഞ്ഞത്ത് ശക്തമായ നടപടി; അറസ്റ്റിലേക്ക് കടക്കുമെന്ന് ഡിജിപി

മലപ്പുറം: വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പറഞ്ഞു. ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് ഡി.ജി.പി പറഞ്ഞു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പോലീസ് ഉടൻ സ്വീകരിക്കുമെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. തീവ്രവാദ സംഘടനകളുടെ ഇടപെടലും അന്വേഷിക്കുമെന്നും വിഴിഞ്ഞത്തെ സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും ഡി.ജി.പി വ്യക്തമാക്കി.

അതേസമയം, വിഴിഞ്ഞം സമരത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്. അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിഷേധക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. സി.പി.എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒമ്പത് പേരുടെ കവർ ചിത്രം നൽകിയിട്ടുണ്ട്. അതിലൊരാൾ ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനാണ്. സഹോദരനു തീവ്രവാദ ബന്ധമുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വികസനത്തിന്റെ ഇരകളായി മാറിയ പാവങ്ങളെ താല്‍ക്കാലികമായി വാടക വീട്ടിലേക്ക് മാറ്റി ഭാവിയില്‍ വീട് നിര്‍മ്മിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.