ബസ് സ്റ്റോപ്പിൽ ബോധരഹിതയായി വീണ് വിദ്യാർത്ഥിനി; സമയോചിതമായി ഇരട്ടസഹോദരങ്ങളുടെ സഹായം
ഒല്ലൂര്‍: ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ തലയിടിച്ചു വീണ് രക്തമൊലിച്ചു കിടന്ന വിദ്യാർത്ഥിനിയെ കൃത്യമായി ആശുപത്രിയിലെത്തിച്ച് മാതൃകയായി സഹോദരങ്ങളായ വിദ്യാർത്ഥികൾ.തൈക്കാട്ടുശ്ശേരി ചെറുശ്ശേരി മുത്തിപ്പീടിക വീട്ടിൽ ജെക്സിന്‍റെയും രേഷ്മയുടെയും മക്കളായ ദിയയും ജെനിലുമാണ് നാട്ടുകാരുടെയും,അധ്യാപകരുടെയുമെല്ലാം അഭിനന്ദനമേറ്റുവാങ്ങിയത്. കുരിയച്ചിറ സെന്‍റ് പോൾസ് പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ഈ ഇരട്ട സഹോദരങ്ങൾ.
ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കുരിയച്ചിറ സെന്‍ററിലെ സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നു ദിയയും ജെനിലും.മാതൃവിദ്യാലയമായ സെന്‍റ് പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഈ സമയം ബസ് സ്റ്റോപ്പിൽ ബോധരഹിതയായി വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു.
വിദ്യാർത്ഥിനിക്കൊപ്പം സഹപാഠികളും മറ്റ് യാത്രക്കാരും സ്റ്റോപ്പിൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു.സമയം പാഴാക്കാതെ ജെനിലും ദിയയും സമീപമുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് വിദ്യാർത്ഥിനിയെ ഓട്ടോയിൽ കയറ്റി ജനറൽ ആശുപത്രിയിലെത്തിച്ചു.