സഹപാഠി നൽകിയ ആസിഡ് കലര്‍ന്ന ജ്യൂസ് കുടിച്ച വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: സഹപാഠി നൽകിയ ആസിഡ് കലർന്ന ജ്യൂസ് കുടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റു. രണ്ട് വൃക്കകളുടെയും പ്രവർത്തനം നിലച്ച വിദ്യാർത്ഥി മരണത്തോട് മല്ലിടുകയാണ്. കേരള തമിഴ്‌നാട് അതിർത്തിയിൽ കന്യാകുമാരി ജില്ലയുടെ കീഴിൽ വരുന്ന കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്‍റെയും സോഫിയയുടെയും മകൻ അശ്വിൻ (11) നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതുകയാണ്. കഴിഞ്ഞ മാസം 24നാണ് സംഭവം നടന്നത്.
കൊല്ലങ്കോടിന് സമീപം അതംകോട് മായാകൃഷ്ണ സ്വാമി വിദ്യാലയത്തിൽ പഠിക്കുന്ന അശ്വിൻ, പരീക്ഷയെഴുതി ശുചിമുറിയിൽ നിന്ന് മടങ്ങുമ്പോൾ സഹപാഠി ശീതളപാനീയം നൽകിയെന്നും എന്നാൽ രുചിയിൽ വ്യത്യാസം തോന്നിയതിനാൽ കുറച്ച് മാത്രമാണ് കുടിച്ചതെന്നും വീട്ടുകാരോടും പൊലീസിനോടും പറഞ്ഞു.
പിറ്റേന്ന് കടുത്ത പനിയെ തുടർന്ന് അശ്വിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം കടുത്ത വയറുവേദനയും ഛർദ്ദിയും ശ്വാസതടസ്സവും അനുഭവപ്പെട്ട കുട്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ രണ്ട് വൃക്കകളുടെയും പ്രവർത്തനം നിലച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ശരീരത്തിൽ ആസിഡ് ചെന്നതായി വ്യക്തമായത്. ബന്ധുക്കൾ നൽകിയ പരാതിയിൽ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.