കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി പ്രതിഷേധം: പിന്തുണയുമായി ഡബ്ലൂസിസി

കൊച്ചി: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസ് ആൻഡ് ആർട്സിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). കോളേജിലെ അനീതികൾക്കും ജാതി വിവേചനങ്ങൾക്കുമെതിരെ ധീരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഡബ്ല്യുസിസി പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി ഫേസ്ബുക്കിൽ കുറിച്ചു.

‘സിനിമ പഠിക്കുമ്പോഴോ സിനിമയിൽ പ്രവർത്തിക്കുമ്പോഴോ സർഗ്ഗാത്മകത ക്ഷയിക്കാത്ത ഒരു അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മൗലികാവകാശങ്ങളുടെ നിഷേധം, വിവേചനം, അരക്ഷിതാവസ്ഥ തുടങ്ങിയ സാഹചര്യങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങൾ ‘സിനിമ’ എന്ന സമഗ്ര കലയുടെയും അതിൽ പങ്കുകൊള്ളുന്നവരുടെയും വളർച്ചയെ തടസ്സപ്പെടുത്തുന്നുവെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ അറിവിൽ ഊന്നിനിന്നുകൊണ്ടുതന്നെ, ജനാധിപത്യബോധത്തോടെ, അനീതികൾക്കും ജാതി വിവേചനങ്ങൾക്കുമെതിരെ ധീരമായി പ്രതിഷേധിക്കുന്ന കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസ് ആൻഡ് ആർട്സിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വിമൻ ഇൻ സിനിമ കളക്ടീവ് പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നു’.

കെ.ആര്‍.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെ പിന്തുണയ്ക്കുന്ന അടൂർ ഗോപാലകൃഷ്ണനെതിരെ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. തളിപ്പറമ്പിൽ കേരളചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഇന്‍റർനാഷണൽ ഫെസ്റ്റിവലിന്‍റെ ഉദ്ഘാടകനായി അടൂരിനെ തിരഞ്ഞെടുത്തതോടെ ‘ഫ്രീഡം ഫൈറ്റ്’ എന്ന ചിത്രം മേളയിൽ നിന്ന് പിൻവലിക്കുന്നതായി സംവിധായകൻ ജിയോ ബേബി അറിയിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്ന് വിദ്യാർത്ഥികളും പറഞ്ഞിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപത്യ ഭരണം അടിച്ചേൽപ്പിച്ച് കുട്ടികളുടെ ഭാവി തകർക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകനാകുന്നതില്‍ പ്രതിഷേധിച്ചാണ് ചിത്രം പിൻവലിക്കുന്നതെന്ന് ജിയോ ബേബി പറഞ്ഞു.