കോഴ്‌സ് പൂർത്തിയായിട്ടും സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ വിദ്യാർഥികൾ പ്രതിസന്ധിയിൽ
കോഴിക്കോട്: കോഴ്സ് പൂർത്തിയാക്കിയിട്ടും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. കാമ്പസ് പ്ലേസ്മെന്‍റിലൂടെ ജോലി ലഭിച്ചവർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാൽ ബുദ്ധിമുട്ടിലായി. 2020-22 ബാച്ചിലെ എം.സി.എ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.
സർവകലാശാലയെ വിളിച്ച് അന്വേഷിക്കാൻ ശ്രമിക്കുമ്പോൾ വ്യക്തമായ ഉത്തരമില്ലെന്നാണ് പരാതി. ഫോൺ എടുക്കാൻ പോലും തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. ഏപ്രിലിൽ പൂർത്തിയാക്കേണ്ടിയിരുന്ന കോഴ്സ് ഓഗസ്റ്റ് പകുതിയോടെയാണ് അവസാനിച്ചത്. ഒക്ടോബർ അവസാന വാരത്തിലാണ് ഫലം വന്നത്. മുൻ സെമസ്റ്ററുകളുടെ ഫലവും വൈകി.
സർവകലാശാലയിൽ നിന്ന് പ്രതികരണം ഉണ്ടാകാതെ വന്നപ്പോൾ വിദ്യാർത്ഥികൾ പഠിച്ച കോളേജുകളെ സമീപിച്ചു. വിദ്യാർത്ഥികളുടെ മാർക്ക് അപ്ലോഡ് ചെയ്യുന്ന വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങളാണ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിന് കാരണമെന്നാണ് കോളേജ് അധികൃതർക്ക് ലഭിച്ച വിശദീകരണം. നേരത്തെ, പാസായ സെമസ്റ്ററുകളുടെ മാർക്ക് കോളേജുകളിൽ നിന്ന് സർവകലാശാലയ്ക്ക് നൽകിയിരുന്നെങ്കിലും അത് വീണ്ടും അയയ്ക്കേണ്ടിവന്നു.