എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; ഗൗരവതരമെന്ന് ആരോഗ്യമന്ത്രി

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന ആരോപണം ഗുരുതരമാണെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഫുട്ബോൾ കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈയ്യാണ് മുറിച്ച് മാറ്റേണ്ടിവന്നത്.

തലശ്ശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേർസിൽ താമസിക്കുന്ന അബൂബക്കർ സിദ്ദീഖിന്‍റെ മകൻ സുൽത്താന്‍റെ കൈയ്യാണ് നഷ്ടപ്പെട്ടത്. പാലയാട് ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് 17 കാരനായ സുൽത്താൻ. ഒക്ടോബർ 30ന് വൈകുന്നേരമാണ് അപകടമുണ്ടായത്. വൈകുന്നേരം വീടിനടുത്തുള്ള മൈതാനത്ത് ഫുട്ബോൾ കഴിക്കുന്നതിനിടെ വീണ് എല്ല് പൊട്ടുകയായിരുന്നു. തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയുടെ അശ്രദ്ധയാണ് കൈ മുറിച്ച് മാറ്റാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രിയിൽ നിന്ന് സർജറി നടത്താൻ പോലും തയ്യാറായത്. അപ്പോഴേക്കും കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. പിന്നീട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ ലഭിച്ചില്ല.

സംഭവത്തിൽ ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് തലശ്ശേരി ജനറൽ ആശുപത്രിയുടെ വിശദീകരണം. എല്ല് പൊട്ടി മൂന്നാം ദിവസം, കുട്ടിക്ക് കംപാർട്ട്മെന്‍റ് സിൻഡ്രോം എന്ന അവസ്ഥ ഉണ്ടായി. പിന്നീട് സർജറി ചെയ്തെങ്കിലും നീർക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല. അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു.പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയിൽ പെട്ടത്. ഒപ്പം ബ്ലീഡിംഗും ഉണ്ടായി. ബ്ലീഡിംഗ് ഉണ്ടായില്ലായിരുന്നെങ്കിൽ കൈ രക്ഷിക്കാമായിരുന്നുവെന്നാണ് വിശദീകരണം.