വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയ സംഭവം; പ്രതികരണവുമായി ബസ് ഡ്രൈവർ

കണ്ണൂർ: തലശ്ശേരിയിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയ സംഭവത്തിൽ പ്രതികരണവുമായി സിഗ്മ ബസ് ഡ്രൈവർ നൗഷാദ്. വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയിട്ടില്ലെന്ന് നൗഷാദ് പറഞ്ഞു. മഴ പെയ്തപ്പോൾ വിദ്യാർത്ഥികൾ വെയിറ്റിംഗ് ഷെഡിൽ ആയിരുന്നെന്നും എല്ലാ യാത്രക്കാരെയും കയറ്റിയ ശേഷം ഒടുവിലാണ് കുട്ടികളെ കയറ്റാറുള്ളതെന്നും ഡ്രൈവർ പറഞ്ഞു. സാധാരണയായി വിദ്യാർത്ഥികൾ ബസിൽ നിന്നാണ് യാത്ര ചെയ്യുന്നത്. ബസ് ജീവനക്കാരെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നും നൗഷാദ് പറഞ്ഞു.

അതേസമയം, വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയതിൽ തലശ്ശേരി ആർടിഒ സിഗ്മ ബസിന് പിഴ ചുമത്തി. തലശ്ശേരി പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. 

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സിഗ്മ ബസ് രാവിലെ ഒമ്പത് മണിയോടെ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴായിരുന്നു സംഭവം. നല്ല മഴ ഉണ്ടായിട്ടും എല്ലാവരും കയറിയ ശേഷം ബസ് പുറപ്പെട്ടപ്പോഴാണ് വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിച്ചത്. അതുവരെ ബസിന്‍റെ വാതിലിനടുത്ത് മഴ നനഞ്ഞ് അവർ കയറാൻ കാത്തു നിന്നു.