സ്റ്റൈൽ മന്നന് ഇന്ന്​ 72ആം ജന്മദിനം; ആഘോഷിച്ച് ആരാധകർ

ചെന്നൈ: തമിഴ് സിനിമയുടെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ ‘തലൈവൻ’ ആയ രജനീകാന്തിന്‍റെ 72-ാം ജന്മദിനമാണ് ഇന്ന്. തങ്ങളുടെ പ്രിയപ്പെട്ട നായകന്‍റെ ജൻമദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും. രജനി ഫാൻസ് തമിഴ്നാട്ടിൽ ഉൾപ്പെടെ വിവിധ സാമൂഹിക സേവന, സന്നദ്ധ പ്രവർത്തനങ്ങൾ നടത്തും. #HBDSuperstarRajinikanth എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ ട്വിറ്ററിൽ വൈറലായിക്കഴിഞ്ഞു. രജനീകാന്തിന്‍റെ അടുത്ത ചിത്രം ജയിലർ ആണ്. നെൽസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴ് സിനിമയുടെ ചരിത്രം പരിശോധിച്ചാൽ രജനിയെ പോലെ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു നടനില്ല. പൂർണ്ണമായും ഒരു തമിഴൻ അല്ലാത്ത ഒരാൾ എങ്ങനെ തമിഴകത്തിന്‍റെ താരമായി മാറിയെന്ന് ചോദിച്ചാൽ അദ്ദേഹത്തിന്‍റെ ആരാധകർ പറയും, ‘അതാണ് നമ്മ രജനി സ്റ്റൈൽ’. കർണാടക-തമിഴ്നാട് അതിർത്തിയിലെ നാച്ചിക്കുപ്പം എന്ന ചെറിയ ഗ്രാമത്തിലേക്ക് കുടിയേറിയ മറാത്ത കുടുംബത്തിലാണ് രജനി ജനിച്ചത്. പിന്നീട് അവർ തമിഴ്നാട്ടിലെത്തി.

ആചാര്യ വിദ്യാലയത്തിലും ബാംഗ്ലൂരിലെ വിവേകാനന്ദ ബാലക് സംഘിലും പഠനം പൂർത്തിയാക്കിയ രജനി സിനിമയിൽ മുഖം കാണിക്കണമെന്ന ആഗ്രഹത്തോടെയാണ് ചെന്നൈയിലേക്കുള്ള ട്രെയിനിൽ കയറിയത്. എന്നാൽ ഒരു ജോലി കണ്ടെത്താൻ കഴിയാത്തത് സിനിമയോടുള്ള അഭിനിവേശം ഉപേക്ഷിച്ച് മടങ്ങിപ്പോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. സിനിമാ മോഹങ്ങളുമായി കറങ്ങിനടന്നിരുന്ന മകന് ജോലി കിട്ടിയാൽ ജീവിതം മെച്ചപ്പെടുമെന്ന രജനിയുടെ കുടുംബത്തിന്‍റെ ധാരണയാണ് രജനിയെ ബസ് കണ്ടക്ടറുടെ ജോലിയിലേക്ക് നയിച്ചത്. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തിരക്കുകൾക്കിടയിലും രജനി നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തി. പിന്നീട് മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ ചേർന്നപ്പോൾ രജനിയുടെ കുടുംബം സിനിമയോടുള്ള ആത്മാര്‍ഥതയെ അംഗീകരിച്ചില്ല. അനേകർ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം വിട്ടുകൊടുക്കാൻ വിസമ്മതിച്ചു. കാരണം ഒരു നടനാകുക എന്നത് അദ്ദേഹത്തിന്‍റെ ദൗത്യമായിരുന്നു.