സുബ്രഹ്‌മണ്യം സ്വാമിയുടെ ഹര്‍ജി കനത്ത പിഴ ചുമത്തി തള്ളണം; ബിനോയ് വിശ്വം

ന്യൂഡല്‍ഹി: ഭരണഘടനാ മൂല്യങ്ങൾ തിരുത്താനുള്ള പ്രവണതകൾ മുളയിലേ നുള്ളണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജി തള്ളണമെന്നാവശ്യപ്പെട്ടാണ് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചത്. സോഷ്യലിസവും മതേതരത്വവും ഭരണഘടനയുടെ അന്തർലീനമായ അടിസ്ഥാന സ്വഭാവമാണെന്ന് അദ്ദേഹം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജി കനത്ത പിഴ ചുമത്തി തള്ളണമെന്നാണ് ബിനോയ് വിശ്വം ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മതനിരപേക്ഷത ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം മതത്തിന്‍റെ പേരിൽ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി വോട്ട് തേടുന്നതിനാണ്. നിലവിൽ മതത്തിന്‍റെ പേരിൽ വോട്ട് ചോദിക്കുന്നത് രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഇത് മറികടക്കാനാണ് സുബ്രഹ്മണ്യൻ സ്വാമി ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം ഹർജിയിൽ ആരോപിക്കുന്നു.

കേശവാനന്ദ ഭാരതി കേസിൽ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം മാറ്റാൻ പാർലമെന്‍റിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചതാണ്. മതേതരത്വവും സോഷ്യലിസവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണ്. സുപ്രീം കോടതിയുടെ വിവിധ വിധിന്യായങ്ങളിൽ ഇത് ശരിവച്ചിട്ടുണ്ട്. അതിനാൽ ഭരണഘടനാ ഭേദഗതിയിലൂടെ മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയതിൽ തെറ്റില്ലെന്നും ബിനോയ് വിശ്വം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ബിനോയ് വിശ്വത്തിന്റെ കക്ഷി ചേരൽ അപേക്ഷ അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്.