ഖാർഗെയെ പിന്തുണച്ച് സുധാകരൻ; തരൂരിന് അതൃപ്തി
തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിൽ ശശി തരൂരിന് അതൃപ്തി. മുതിർന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും തരൂർ കേരള പര്യടനത്തിൽ പറഞ്ഞു. അതേസമയം, പിസിസി പ്രസിഡന്‍റുമാർ പരസ്യനിലപാട് സ്വീകരിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾ വരുന്നതിനു മുമ്പാണ് സുധാകരന്‍റെ പ്രസ്താവനയെന്ന് കെ.പി.സി.സി വിശദീകരിച്ചു.
വോട്ട് ഉറപ്പിക്കാൻ തരൂർ കേരളത്തിലെത്തുമ്പോഴാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ കൂട്ടത്തോടെ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. തരൂരിന് മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത കെപിസിസി പ്രസിഡന്‍റിന്‍റെ നിലപാട് മാറ്റമാണ് വലിയ വിവാദമായത്. ഹൈക്കമാൻഡിന്‍റെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് തരൂരിനെ പിന്തുണയ്ക്കുന്നവർ കരുതുന്നത്. ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് എഐസിസി പറയുമ്പോഴും പാർട്ടി ദേശീയ നേതൃത്വം ഖാർഗെയ്ക്കായി സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് കരുതപ്പെടുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷൻ്റെ മാർഗനിർദേശങ്ങൾ ലംഘിച്ചുള്ള സുധാകരന്‍റെ പരസ്യ നിലപാടിൽ ശശി തരൂരിന് അതൃപ്തിയുണ്ട്.
മാർഗനിർദേശങ്ങൾക്ക് മുമ്പാണ് കെ സുധാകരൻ പ്രസ്താവന ഇറക്കിയതെന്ന് കെ.പി.സി.സി പറയുന്നു. മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിൽ സുധാകരൻ നിഷ്പക്ഷ സമീപനമാണെന്ന് തിരുത്തിപ്പറയേണ്ടേ എന്ന് തരൂരിനെ അനുകൂലിക്കുന്നവരും ചോദിക്കുന്നു.