സുധാകരൻ്റെ പ്രസ്താവന; യുഡിഎഫിൽ തുടരണോയെന്ന് ലീഗ് പരിശോധിക്കണമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: യു.ഡി.എഫിൽ തുടരണമോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ആർ.എസ്.എസ് പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പരാമർശം. കെ.പി.സി.സി പ്രസിഡന്‍റ് ആർ.എസ്.എസിനെ വെള്ളപൂശാൻ ശ്രമിക്കുമ്പോൾ ലീഗ് നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു യു.ഡി.എഫിൽ തുടരാനാകുമോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്നും യു.ഡി.എഫ് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലീഗാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് മാത്രമല്ല, ആർഎസ്പി ഉൾപ്പെടെയുള്ള ഘടകകക്ഷികളും ആലോചിക്കണം. ഇക്കാര്യത്തിൽ നേതൃത്വം എന്ത് കരുതുന്നുവെന്ന് വ്യക്തമാക്കാൻ കോൺഗ്രസിന് ബാധ്യതയുണ്ട്. സുധാകരനല്ല പ്രശ്നം, കെ.പി.സി.സി പ്രസിഡന്‍റ് എന്ന പദവിയിൽ ഇരുന്ന് അദ്ദേഹം പറയുന്നതാണ് പ്രശ്നം. സുധാകരൻ പറഞ്ഞാൽ വിശ്വാസം വരില്ലെന്നുള്ളതുകൊണ്ട് നെഹ്റു കൂടി ഫാഷിസ്റ്റ് ശക്തികളോട് ചേർന്നിട്ടുണ്ട് എന്ന് പറഞ്ഞ് പരത്തുകയാണ്. പ്രതിപക്ഷവും ബി.ജെ.പിയും ആർ.എസ്.എസും തമ്മിലുള്ള ഒരു ഐക്യ പ്രസ്ഥാനം ഉയർന്നുവരുന്നുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

കെ സുധാകരന്‍റെ പ്രസ്താവനയിൽ മുസ്ലീം ലീഗ് അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ മുന്നണി വിടേണ്ട ആവശ്യമില്ലെന്നും മുസ്ലിം ലീഗ് യുഡിഎഫ് വിടുമെന്നത് സി.പി.എമ്മിന്‍റെ സഫലമാകാത്ത സ്വപ്നമാണെന്നും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ മുനീർ പറഞ്ഞു.