‘സൂയിസൈഡ് കിറ്റ്’ വിതരണം ചെയ്തു; ആമസോണിനെതിരെ കേസ്

കാലിഫോർണിയ: കൗമാരക്കാർക്ക് ‘ആത്മഹത്യാ കിറ്റ്’ എന്ന് വിളിക്കുന്ന വസ്തുക്കൾ വിറ്റതിന് ആമസോണിനെതിരെ കേസെടുത്തു. ആത്മഹത്യ ചെയ്ത രണ്ട് കുട്ടികളുടെ കുടുംബങ്ങൾ ഇ-കൊമേഴ്സ് ഭീമനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കൗമാരക്കാർ കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് മാരകമായ രാസവസ്തു വാങ്ങുകയും പിന്നീട് അത് സ്വന്തം ജീവൻ അപഹരിക്കാൻ ഉപയോഗിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് പ്രകാരം, 16 വയസ്സുള്ള ക്രിസ്റ്റീൻ ജോൺസണിന്റെ മാതാപിതാക്കളും 17 വയസ്സുള്ള ഈതൻ മക്കാർത്തിയുടെ മാതാപിതാക്കളുമാണ് തങ്ങളുടെ കുട്ടികളുടെ മരണത്തിന് ഭാഗികമായി ഉത്തരവാദി ആമസോൺ ആണെന്ന് വാദിച്ച് കേസ് നൽകിയിരിക്കുന്നത്. സോഡിയം നൈട്രേറ്റ് എന്നറിയപ്പെടുന്ന ഫുഡ് പ്രിസർവേറ്റീവ് ഉയർന്ന അളവിൽ മാരകമായ ഒരു വിഷവസ്തുവാണ്. ഇതാണ് സൈറ്റ് വഴി വിറ്റഴിച്ചത്. കഴിഞ്ഞ മാസമാണ് കുടുംബം കാലിഫോർണിയ സ്റ്റേറ്റ് കോടതിയിൽ പരാതി നൽകിയത്.

രാസവസ്തു വാങ്ങിയ ഉപഭോക്താക്കൾക്ക് ശരിയായ ഡോസ് അളക്കാനുള്ള സ്കെയിൽ, ഛർദ്ദി വിരുദ്ധ മരുന്ന്, ഈ ചേരുവകൾ എങ്ങനെ ഉപയോ​ഗിക്കണം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങിയ ഹാൻഡ്‌ബുക്ക് എന്നിവയും വാങ്ങാൻ ആമസോൺ ശുപാർശ ചെയ്തതായി പരാതിയിൽ പറയുന്നു. ഈ വസ്തുക്കൾ എങ്ങനെ ഉപയോ​ഗിച്ചാലാണ് മരണത്തിലേക്ക് നയിക്കുന്നത് എന്നതിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ കൈപ്പുസ്തകത്തിലുണ്ടെന്ന് പരാതിക്കാർ ആരോപിച്ചു. സയനൈഡ് പോലെ മാരകമായ ഒരു ഉൽപ്പന്നമാണ് ആമസോൺ വിൽക്കുന്നതെന്ന് അഭിഭാഷകർ പറയുന്നു. 
 
ഇത് കയർ, കത്തികൾ അല്ലെങ്കിൽ ആമസോൺ വിൽക്കുന്ന മരണത്തിനായി ഉപയോഗിക്കാൻ കഴിയുന്ന മറ്റ് ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. കാരണം ഈ വസ്തുക്കൾ വീടുകളിൽ ഒന്നിനുവേണ്ടിയും ഉപയോ​ഗിക്കുന്നതല്ലെന്നും അഭിഭാഷകർ പറഞ്ഞതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക് ആമസോൺ അനുശോചനം അറിയിച്ചു. ഉപഭോക്തൃ സുരക്ഷയാണ് കമ്പനിയുടെ പ്രഥമ പരിഗണന. ബാധകമായ എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും വിൽപ്പനക്കാർ പാലിക്കണമെന്ന് കമ്പനി കൂട്ടിച്ചേർത്തു.