പഞ്ചാബില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ന്യൂഡല്‍ഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ചേർത്തല പള്ളിപ്പുറം സ്വദേശി അഖിൻ എസ്. ദിലീപ് (21) എഴുതിയ കുറിപ്പ് ഹോസ്റ്റൽ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. അഖിൻ നേരത്തെ പഠിച്ച കോഴിക്കോട് എൻ.ഐ.ടിയിലെ അധ്യാപകനെക്കുറിച്ചാണ് കുറിപ്പിൽ പരാമർശിക്കുന്നത്.

വൈകാരികമായി തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് എൻ.ഐ.ടിയിലെ പഠനം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചതിന് പ്രൊഫ. പ്രസാദ് കൃഷ്ണയെ കുറ്റപ്പെടുത്തുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്. താൻ എടുത്ത തീരുമാനത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും എല്ലാവർക്കും താൻ ഒരു ഭാരമാണെന്നും കുറിപ്പിലുണ്ട്. ഹോസ്റ്റൽ മുറിയിൽ നിന്ന് കണ്ടെടുത്ത കുറിപ്പ് അഖിന്‍റേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ ഒന്നാം വർഷ ബി.ഡിസൈന്‍ വിദ്യാർത്ഥിയായ അഖിൻ നേരത്തെ കോഴിക്കോട് എൻഐടിയിൽ ബി.ടെക്ക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു. എന്നാൽ ചില പരീക്ഷകളിൽ പരാജയപ്പെട്ടതിനാൽ എൻഐടിയിൽ പഠനം തുടരാൻ കോഴ്സ് ഡയറക്ടർ അനുവദിച്ചില്ലെന്നാണ് വിവരം. ഇതാണ് 21കാരന്‍റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.